പെരുമ്പാവൂര്‍: കൊലപാതകം, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പെരുമ്പാവൂര്‍ അനസ് എന്ന ഗുണ്ടാതലവൻ ഗൾഫിലേയ്ക്ക് കടന്നത് വ്യാജ പാസ്പോർട്ടിലാണെന്ന് റിപ്പോര്‍ട്ട്. ട്രെഡിങ്ങിന്റെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത് അനസ് ദുബൈയിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് ന്യൂസ് 18നോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ അനസിന്റെ വ്യാജ പാസ്പോർട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
കർണാടകയിൽ നിന്ന് ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും ഉൾപ്പെടെ വ്യാജമായി നിർമ്മിച്ച് പാസ്പോർട് തരപ്പെടുത്തി. ഒന്നര ലക്ഷം രൂപ നൽകിയാൽ ഇങ്ങനെ വ്യാജമായി പാസ്പോർട്ട് നൽകുന്ന മാഫിയകൾ ബെംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ ഗൾഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന് സിനിമാ താരങ്ങളുടെയും സഹായം അനസിന് ലഭിക്കുന്നുണ്ട്.