ഗർഭിണിയായ ഭാര്യയുടെ ശസ്ത്രക്രിയയ്ക്കെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച സ്വിഗി ഡെലിവറി ബോയ്‌ക്കെതിരെ പരാതി നൽകി യുവാവ്. ഉച്ചയ്ക്ക് കഴിക്കാനായി ഓർഡർ ചെയ്ത ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയിയിൽ നിന്നും ഉണ്ടായ അനുഭവം റെഡ്‌ഡിറ്റിലാണ് യുവാവ് പങ്കുവച്ചത്. ഓർഡർ ചെയ്ത ഭക്ഷണവുമായി ഡെലിവറി ബോയ് വന്നപ്പോൾ വാതിൽ തുറന്ന യുവാവ് കണ്ടത് ഡെലിവറി ബോയ് പൊട്ടിക്കരയുന്നതായിരുന്നു.
കാരണം തിരക്കിയപ്പോൾ തന്റെ ഭാര്യ ഗർഭിണി ആണെന്നും ഉടനെ ശസ്ത്രക്രിയയ്ക്കായി പണം ആവശ്യമുണ്ടെന്നും ഡെലിവറി ബോയ് പറഞ്ഞതായി യുവാവ് പറയുന്നു. എന്നാൽ അങ്ങനെ ഒരാൾ കരഞ്ഞപേക്ഷിക്കുമ്പോൾ പണം ഇല്ലെന്ന് പറഞ്ഞു വിടാൻ തോന്നാത്തതുകൊണ്ട് താൻ കൂടുതൽ വിവരങ്ങൾ ചോദിച്ചുവെന്നും യുവാവ് പറയുന്നു. പണം താൻ ശമ്പളം കിട്ടിയാൽ ഉടനെ തിരികെ നൽകാമെന്നും അതുവരെ തന്റെ ബൈക്ക് ഇവിടെ വച്ചിരിക്കാമെന്നും ഡെലിവറി ബോയ് പറഞ്ഞതായി യുവാവ് കുറിച്ചു.
ഒടുവിൽ പണം നൽകാമെന്ന് യുവാവ് സമ്മതിച്ചപ്പോൾ ഡെലിവറി ബോയ് ഒരു ക്യൂആർ കോഡ് കാണിച്ചിട്ട് അതിലേക്ക് പണം നൽകാൻ ആവശ്യപ്പെട്ടന്നും എന്നാൽ ഫോൺ നമ്പർ നൽകാൻ പറഞ്ഞിട്ടും പണം ക്യൂആർ കോഡിൽ തന്നെ വേണമെന്ന് ഡെലിവറി ബോയ് ആവശ്യപ്പെട്ടന്നും യുവാവ് പറയുന്നു. സംശയം തോന്നിയ യുവാവ് ക്യൂആർ കോഡിന്റെ ചിത്രം എടുക്കുകയും പണം അയക്കാമെന്നു പറഞ്ഞ ശേഷം വാതിൽ അടയ്ക്കുകയും ചെയ്തു.
കുറച്ച് സമയത്തിന് ശേഷം തെളിവായി ഐഡിയോ ഹോസ്പിറ്റൽ ബില്ലോ ചോദിക്കാമെന്ന് വിചാരിച്ച് ഡെലിവറി ബോയിയുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും നമ്പർ നിലവിലില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും യുവാവ് പറയുന്നു. പിന്നെ കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ഡെലിവറി ബോയ് വീണ്ടും തന്റെ റൂമിന് പുറത്ത് വന്ന് നിന്ന് വാതിലിൽ കുറേ നേരം തട്ടുകയും വിളിക്കുകയും ഒക്കെ ചെയ്‌തെന്നും എന്നാൽ ഭയം കൊണ്ട് വാതിൽ തുറന്നില്ലെന്നും യുവാവ് പറയുന്നു.
താൻ സെക്യൂരിറ്റിയെ വിളിക്കുമെന്ന് പറഞ്ഞിട്ടും ഡെലിവറി ബോയ് പോകാൻ കൂട്ടാക്കിയില്ലെന്നും കുറേ നേരം കൂടി അവിടെ തുടർന്നുവെന്നും യുവാവ് പറഞ്ഞു. ഡെലിവറി ബോയ്ക്കെതിരെ സ്വിഗിയിൽ തന്നെ താൻ പരാതി നൽകിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞതായും യുവാവ് പോസ്റ്റിൽ പറഞ്ഞു. റെഡ്‌ഡിറ്റിൽ വൈറലായ പോസ്റ്റിന് നിരവധി പ്രതികരണങ്ങൾ ലഭിച്ചിരുന്നു. സംഭവം കേട്ടിട്ട് പേടി തോന്നുവെന്നായിരുന്നു ഒരാളുടെ പ്രതികരണം.
ഭക്ഷണം ഓർഡർ ചെയ്യുന്ന സമയങ്ങളിൽ വാതിൽ തുറക്കരുതെന്നും ഭക്ഷണം പുറത്ത് വച്ചിട്ട് പോകാൻ പറയണമെന്നും മറ്റൊരാൾ പ്രതികരിച്ചു. ഇത്തരക്കാർക്ക് നിയമത്തെ പോലും ഭയമില്ലെന്നായിരുന്നു പോസ്റ്റിന് ലഭിച്ച ഒരു പ്രതികരണം. ഇതുപോലെ പിതാവിന് അപകടം സംഭവിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരാൾ തന്റെ പക്കൽ നിന്നും പണം തട്ടാൻ ശ്രമിച്ചുവെന്നും, സഹായ അഭ്യർത്ഥനകൾക്ക് മുന്നിലും ജാഗ്രത ആവശ്യമാണെന്ന് ഇത്തരം സംഭവങ്ങൾ വെളിപ്പെടുത്തുന്നുവെന്നുമായിരുന്നു ഒരു പ്രതികരണം.