കൊല്ലം: നഗരമധ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടത്താനം ഓറിയന്റൽ നഗർ 191, സക്കീർ മൻസിലിൽ നിന്നും ചാത്തിനാംകുളം പത്തായക്കല്ലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിക്കിനെയാണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 10 മണിയോടെ പോലീസ് നടത്തിയ പരിശോധനയിൽ ചിന്നക്കട കേരളാ ബാങ്കിനു സമീപത്തെ ബസ്സ് സ്റ്റോപ്പിൽ നിന്നുമാണ് ഇയാളെ പോലീസ് പൊക്കിയത്. കഞ്ചാവുമായി അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ കൊല്ലത്ത് എത്തിയ പ്രതിയെ പോലീസ് സംഘം പിടികൂടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കരിക്കോടുള്ള സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് ഉള്‍പ്പെടെയുള്ളവർക്ക് വിതരണത്തിനായി ആന്ധ്ര പ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.