ഇൻഡോർ: ആൺ സുഹൃത്തിനൊപ്പം വിദേശത്തേക്ക് പോകാനുള്ള പണത്തിനായി വ്യാജ തട്ടിക്കൊണ്ടു പോകൽ നടത്തിയ യുവതിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. രാജസ്ഥാനിലെ കോട്ടയിലെ നീറ്റ് കോച്ചിങ് വിദ്യാർത്ഥിയായിരുന്ന കാവ്യ ധക്കാടാണ് സുഹൃത്തുക്കളുടെ സഹായത്തോടെ വ്യാജ തട്ടിക്കൊണ്ടു പോകൽ നടത്തിയത്. മധ്യപ്രദേശിലെ ശിവപുര സ്വദേശിനിയായ കാവ്യ സുഹൃത്തുക്കളുമായി ചേർന്നാണ് തട്ടിക്കൊണ്ടു പോകൽ നാടകം നടത്തിയത്. 30 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ കാവ്യയുടെ പിതാവിനെ ബന്ധപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ തട്ടിക്കൊണ്ടു പോകൽ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് കാവ്യയുടെ സുഹൃത്തുക്കളായ ബ്രിജേന്ദ്ര, അമൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
കാവ്യയെ കണ്ടെത്തുന്നതിനായി പോലീസ് ഇൻഡോറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കാവ്യയും ആൺസുഹൃത്തും ഇൻഡോറിൽ തന്നെ തുടരുന്നതായും ഭൻവാർകുവാൻ സ്‌ക്വയറിന് 1.5 കിലോമീറ്റർ പരിധിയിൽ ഇവരുള്ളതായി മനസ്സിലാക്കാൻ സാധിച്ചതായും പോലീസ് അറിയിച്ചു. കാവ്യയുടെയും ആൺ സുഹൃത്തിന്റെയും ചിത്രങ്ങൾ എല്ലാ ഹോട്ടലുകളിലും, ഹോസ്റ്റലുകളിലും, റെയിൽവേ സ്റ്റേഷനുകളിലും നൽകിയിട്ടുണ്ട്. കാവ്യയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്ത് എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും എവിടെ എങ്കിലും വച്ച് അവരെ കാണുന്നവർ തങ്ങൾക്ക് വിവരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും കോട്ട പോലീസ് ഉദ്യോഗസ്ഥനായ സതീഷ് ചൗധരി പറഞ്ഞു.
ബ്രിജേന്ദ്രയിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് 20 ദിവസം മുൻപാണ് ഇവർ വ്യാജ തട്ടിക്കൊണ്ടു പോകലിന് പദ്ധതിയിടുന്നത്. ഇതിനായി ജയ്പൂരിൽ നിന്നും സംഘം ഒരു സിം കാർഡ് വാങ്ങുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാർച്ച് 18 ന് ഉച്ചക്ക് 3.30 മുതൽ വൈകിട്ട് അഞ്ച് വരെ ഈ സിം ആക്റ്റീവ് ആയിരുന്നതായും ഈ സിമ്മിൽ നിന്നുമാണ് കാവ്യയെ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങൾ പിതാവിന് അയച്ചു നൽകിയതെന്നും പോലീസ് വ്യക്തമാക്കി. ബ്രിജേന്ദ്രയുടെ വാടക വീട്ടിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എടുത്തതെന്നും പോലീസ് സൂചിപ്പിച്ചു. നീറ്റ് കൊച്ചിങ്ങിന് നന്നായി പഠിക്കാൻ കഴിയാത്തതിനാൽ കോളേജിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായത്തോടെയാണ് വിദേശത്തേക്ക് പോകാനുള്ള പണത്തിനായി സംഘം വ്യാജ തട്ടിക്കൊണ്ടു പോകൽ നടത്തിയതെന്നും പോലീസ് പറഞ്ഞു.
ഭൻവാർകുവാനിലെ ഒരു കോച്ചിങ് സ്ഥാപനത്തിൽ 2022-23 ൽ കാവ്യ ചേർന്നിരുന്നുവെങ്കിലും ശിവപുര നിവാസിയായിരുന്ന റിങ്കു ധകഡിൽ നിന്നും ഉണ്ടായ നിരന്തര ശല്യത്തെത്തുടർന്ന് അവിടെ പഠനം അവസാനിപ്പിച്ചിരുന്നു. പിന്നീട് തുടർ പഠനത്തിനായി അമ്മയോടൊപ്പം കോട്ടയിൽ എത്തിയെങ്കിലും മൂന്ന് ദിവസം മാത്രമാണ് കാവ്യ അമ്മയോടൊപ്പം അവിടെ നിന്നതെന്നും പിന്നീട് മാതാപിതാക്കളെ അറിയിക്കാതെ ഇൻഡോറിലേക്ക് തിരികെ പോയെന്നും പോലീസ് പറയുന്നു. ഒരു സുഹൃത്തിനൊപ്പമായിരുന്നു ഇൻഡോറിൽ കാവ്യ താമസിച്ചിരുന്നതെന്നാണ് വിവരം.