കൊല്ലം: അഞ്ചലിൽ 37കാരിയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൺസുഹൃത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം അൺസുഹൃത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. അഞ്ചൽ തടിക്കാട് പൂവണത്തുംമൂട്ടിൽ വീട്ടിൽ ഉദയകുമാറിന്റെ ഭാര്യ സിബിയാണ് കൊല്ലപ്പെട്ടത്. ആൺസുഹൃത്തായ തടിക്കാട് പാങ്ങൽ കിഴക്കെത്തടത്തിൽ വീട്ടിൽ ബിജു ആത്മഹത്യ ചെയ്യുകയായിരുന്നുയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് 26-ാം തീയതി തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്.
കുട്ടികളുമായി വീടിന്റെ ഉമ്മറത്ത് ഇരിക്കുവായിരുന്ന സിബിയെ ബിജു വീട്ടിൽ അതിക്രമിച്ച് കയറി ഉള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വീടിന്റെ വാതിൽ അടച്ച് ബിജു സിബിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തികയും ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സിബിയുടെ ഭർതൃസഹോദരനും കുട്ടികളും ചേർന്നാണ് ജനാല പൊളിച്ച് തീ അണച്ചത്. അപ്പോഴേക്കും ഇരുവരും മരിച്ചു കഴിഞ്ഞു.
ഏതാനും നാളുകളായി സിബിയും ബിജുവും സഹൃത്തുക്കളായിരുന്നു. ഈക്കാലയളവിൽ ബിജു സിബിയുടെ പക്കൽ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ പിന്നീട് പണം തിരികെ ലഭിക്കാൻ സിബിയും ഭർത്താവും അഞ്ചൽ പോലീസിനെ സമീപിച്ചിരുന്നു. പോലീസ് ബിജുവിനോട് ആറ് മാസത്തിനകം പണം തിരികെ നൽകാൻ നിർദേശം നൽകുകയും ചെയ്തു. പണം നൽകാൻ ദിവസങ്ങൾ അടുത്തു വരുന്നതിനിടെയാണ് ബിജു സിബിയെ കൊലപെടുത്തി ആത്മഹത്യ ചെയ്തിരിക്കുന്നത്.
അഞ്ചൽ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. നാളെ 27-ാം തീയതി സയന്റിഫിക്, വിരലടയാള വിദഗ്ധരുമെത്തി പരിശോധന പൂർത്തിയാക്കും. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.