തെലുങ്കാന: കാക്കി യൂണിഫോമണിഞ്ഞ് ഒരു വർഷത്തോളമായി ആളുകളെ കബളിപ്പിച്ച് കഴിഞ്ഞിരുന്ന വ്യാജ ആർപിഎഫ് എസ്ഐ അറസ്റ്റിലായി. സ്വന്തം വിവാഹ നിശ്ചയത്തിന് പോലും കാക്കി അണിഞ്ഞെത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്. നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്ത ജദല മാളവികയെ റെയിൽവേ പോലീസീന് കൈമാറി. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ആർപിഎഫും പോലീസും ചേർന്ന് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പോലീസുകാരിയാകാൻ ഏറെ ആഗ്രഹിച്ചിരുന്ന മാളവിക കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഹൈദരാബാദിലെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 25കാരിയായ ഈ യുവതി തെലങ്കാനയിലെ നാർക്കട്ട്പള്ളെ സ്വദേശിയാണ്. ആർപിഎഫ് എസ്ഐ റിക്രൂട്ട്മെൻറ് പരീക്ഷ എഴുതുകയും പാസ്സാവുകയും ചെയ്തിട്ടുള്ള ആളാണ് മാളവിക. 2018ലാണ് എസ്ഐ പരീക്ഷ പാസ്സായത്. മെഡിക്കൽ ടെസ്റ്റിൽ മാളവിക പുറത്താവുകയായിരുന്നു. കണ്ണിൻെറ കാഴ്ചക്കുറവാണ് വിനയായത്. പരീക്ഷ ജയിച്ചിട്ടും യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥയാവാൻ സാധിക്കാതെ പോയത് മാളവികയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു.