ബെംഗളൂരു: ഒരു മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്. മെട്രോ സ്റ്റേഷനിലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ യാത്രക്കാർക്കിടയിൽ നിന്ന് സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു വനിതാ യാത്രക്കാരിയെ നോക്കിയാണ് ഇയാൾ തൻെറ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ച് കൊണ്ടേയിരുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
നിരവധി ആളുകളുള്ള ഒരു പൊതുസ്ഥലത്ത് വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തിൻെറ ഞെട്ടലിലാണ് യാത്രക്കാരി. സംഭവം വിശദീകരിച്ച് കൊണ്ട് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ ജാലഹള്ളി മെട്രോ സ്റ്റേഷനിൽ വെച്ചാണ് സംഭവം. സോഷ്യൽ മീഡിയയിൽ ജീവനക്കാരനെതിരെ രോഷം അണപൊട്ടിയിരിക്കുകയാണ്.
“ഇന്നെനിക്ക് എൻെറ ജീവിതത്തിലെ വളരെ മോശപ്പെട്ട ഒരു അനുഭവം ഉണ്ടായി. ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നെത്തന്നെ തുറിച്ചുനോക്കുന്നത് ശ്രദ്ധയിൽ പെട്ടു. അയാൾ തൻെറ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ച് കൊണ്ടിരിക്കുകയായിരുന്നു. എൻെറ മുൻപിലുള്ള പ്ലാറ്റ്ഫോമിലാണ് അയാൾ ഇരുന്നിരുന്നത്. ചില അശ്ലീല ആംഗ്യങ്ങൾ അയാൾ കാണിക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 2.30നാണ് ഈ സംഭവമുണ്ടാവുന്നത്. ജാലഹള്ളി മെട്രോ സ്റ്റേഷനിൽ വെച്ചാണ് ഇത്തരത്തിൽ ഒരു മോശം കാര്യം എനിക്ക് അനുഭവിക്കേണ്ടി വന്നത്,” വനിതാ യാത്രക്കാരി നൽകിയ പരാതിയിൽ പറയുന്നു.
“പകൽ സമയമായിട്ട് പോലും ഇത്തരമൊരു കാര്യം നടന്നത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ഇതെന്താണ് ചെയ്യുന്നതെന്ന് ഞാൻ അയാളോട് ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴും അയാൾ ഒന്നും കേൾക്കാത്ത പോലെ നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് ചെയ്തത്. എന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ടേയിരിക്കുകയും ചെയ്തു. അപ്പോഴാണ് ഞാൻ വീഡിയോ എടുക്കാൻ തീരുമാനിച്ചത്,” അവർ വ്യക്തമാക്കി.
ബെംഗളൂരു മെട്രോ അധികൃതർക്ക് സ്ത്രീ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മോശം പെരുമാറ്റം നടത്തിയ ആൾക്കെതിരെ കർശന നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ മെട്രോ അധികൃതരിൽ നിന്ന് തനിക്ക് അനുകൂലമായ മറുപടിയോ സഹായമോ ഒന്നും തന്നെ ലഭിച്ചില്ലെന്ന് സ്ത്രീ പറഞ്ഞു. ഒരു തരത്തിലുള്ള മറുപടിയും അധികൃതരിൽ നിന്ന് ലഭിച്ചില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. വൈകാതെ തന്നെ ബെംഗളൂരു പോലീസിന് പരാതി നൽകി.
എന്നാൽ ബെംഗളൂരു പോലീസിൽ നിന്നുള്ള പ്രതികരണം തീർത്തും വ്യത്യസ്തമായിരുന്നു. സംഭവത്തിൻെറ ഗൌരവം മനസ്സിലാക്കിയ പോലീസ് ഉദ്യേഗസ്ഥർ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയെന്ന് സ്ത്രീ വ്യക്തമാക്കി. “ഒരു കണ്ണിന് കുറച്ച് കുഴപ്പമുള്ള ആളാണ് ഈ സെക്യൂരിറ്റി ജീവനക്കാരനെന്ന് വീഡിയോയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ വൈകാതെ തന്നെ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. ജാലഹള്ളി മെട്രോ സ്റ്റേഷൻ അധികൃതരുടെ സഹായവും ലഭ്യമാക്കും. കുറ്റം ചെയ്തയാൾക്കെതിരെ കർശന നടപടിയുണ്ടാവും. അന്വേഷണം നടക്കുകയാണ്. മെട്രോ സ്റ്റേഷൻ അധികൃതർക്ക് കൂടുതൽ സഹായം നൽകാൻ സാധിക്കും” ബെംഗളൂരു മെട്രോ വക്താവ് യശ്വന്ത് ചവാൻ എൻഡിടിവിയോട് പറഞ്ഞു.