26.5 C
Kochi
Sunday, October 5, 2025
More

    Latest Posts

    അരുണാചലിലെ മലയാളികളുടെ മരണം: മുഖ്യസൂത്രധാരൻ നവീൻ എന്ന് അന്വേഷണസംഘം

    തിരുവനന്തപുരം: അരുണാചലിലെ മലയാളികളുടെ മരണത്തിൽ മുഖ്യസൂത്രധാരൻ നവീൻ തന്നെയെന്ന് അന്വേഷണസംഘം. സംഭവം നവീൻ 7 വർഷം മുൻപ് ആസൂത്രണം ചെയ്തതെന്നും അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമായാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ഉയർന്ന പ്രദേശം തിരഞ്ഞെടുത്തത്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നെന്നും പൊലീസ്. പര്‍വതാരോഹണത്തിന് നവീന്‍ തയാറെടുത്തതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു.

    ഒരു നാള്‍ പ്രളയം വരും, ലോകം നശിക്കും, അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നായിരുന്നു നവീന്‍റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനര്‍ജനിക്കണമെന്നുമായിരുന്നു നവീന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

    ഒന്നര വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയില്‍ നവീനും ഭാര്യയും പോയിരുന്നു. ഇവിടെ ബുദ്ധ വിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. തന്‍റെ ചിന്തകള്‍ അടുത്ത ചില സുഹൃത്തുക്കളോടും നവീന്‍ പങ്കുവെച്ചിരുന്നു. പക്ഷെ നവീന്‍റെ ചിന്തയില്‍ വിശ്വസിച്ചത് ഭാര്യ ദേവിയായിരുന്നു.

    ദേവി വഴിയാണ് ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. തന്‍റെ വിശ്വാസത്തോടൊപ്പം നിന്ന ഭാര്യയെയും സുഹൃത്തിനെയും നവീന്‍ മാനസിക അടിമയാക്കി. നവീന് ഈ ആശയങ്ങള്‍ ആരു പറഞ്ഞു കൊടുത്തു, ഇമെയില്‍ സന്ദേശത്തിന് പിന്നില്‍ മറ്റാരെങ്കിലുമാണോ എന്നതാണ് പൊലീസ് ഇനി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നവീന്‍, ദേവി, ആര്യ എന്നിവരുടെ വീടുകളില്‍ വിശദമായ പരിശോധനയാണ് പൊലീസ് നടത്തിയത്. ബന്ധുക്കളില്‍ നിന്ന് മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഡിസിപി നിധിന്‍ രാജിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ സംഘത്തിന്‍റെ യോഗം ഇക്കാര്യങ്ങള്‍ പരിശോധിച്ചു. മരിച്ച മൂന്ന് പേരുടെ നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ പൊലീസ് തീരുമാനം. ഇക്കാര്യത്തില്‍ മനോരോഗ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടും.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.