തൃശൂര്‍: കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം കുറ്റുമുക്ക് പാടത്ത് ഉപേക്ഷിച്ച സംഭവത്തില്‍ സ്വര്‍ണ വ്യാപാരിയും കുടുംബവും അറസ്റ്റില്‍. തൃശ്ശൂര്‍ ഇക്കണ്ടവാരിയര്‍ റോഡില്‍ താമസിക്കുന്ന ദിലീപ് കുമാര്‍, ഭാര്യ ചിത്ര, മകന്‍ വിശാല്‍ എന്നിവരെയാണ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനം ഇടിച്ചാണ് പാലക്കാട് സ്വദേശിയുടെ മരണം സംഭവിച്ചതെന്നും തുടര്‍ന്ന് സംഭവം മറച്ചുവെക്കാനായി പ്രതികള്‍ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയെയാണ് ഞായറാഴ്ച രാവിലെ കുറ്റുമുക്ക് പാടശേഖരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വയറിന് പരിക്കേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു മൃതദേഹം. എന്നാല്‍ മരിച്ചയാളെ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലങ്കോട് സ്വദേശി രവിയാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.