കൊച്ചി: പള്ളുരുത്തിയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. കുത്തേറ്റവർ രണ്ട് പേരും ലഹരി കേസുകളിലെ പ്രതികളാണ്. പരുക്കേറ്റയാളെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്.
2021ലെ കുമ്പളങ്ങി ലാസർ കൊലക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. പള്ളുരുത്തി കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. ലഹരി മാഫിയ സംഘം ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി പോലീസ് പറയുന്നു. ഫാജിസ്, അച്ചു എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാൽജുവുമായി ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ലാൽജുവിനെ കുത്തിയ ഫാജിസിനെ പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.