മലപ്പുറം: കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്റിൻ ക്രൂരമായ മർദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായി നിരവധി മുറിവുകൾ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരിച്ചതിനു ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് കോന്തത്തൊടിക ഫായിസി(24) നെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.
ഒരാഴ്ചയോളം നീണ്ട ക്രൂരമർദനത്തെ തുടർന്നാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ 7 വാരിയെല്ലുകൾ തകർന്നതായും തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും ശരീരത്തിൽ അറുപതോളം ക്ഷതങ്ങളുള്ളതായുമാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നു പറഞ്ഞതിനു തെളിവുമില്ല.