മലപ്പുറം കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്‌റിന്റെ ദുരൂഹ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവിലെ റബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇപ്പോൾ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു.
നസ്‌റിനെ മർദിച്ചുകൊന്നതാണെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസ് കൊടുത്തതിന്റെയും പ്രശ്‌നങ്ങളുണ്ടായതിന്റെയും പേരിലാണ് കൃത്യം ചെയ്തതെന്നും നസ്‌റിന്റെയും മാതാവിന്റെയും ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. ഫാരിസ് അവരെ കൊല്ലുമെന്ന് നേരത്തെ ഫോണിലൂടെയും അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വീട്ടിലേക്ക് വിടാറില്ലെന്നും ഒടുവിൽ പാർട്ടിക്കാർ ഇടപെട്ടാണ് കൊണ്ടുപോയതെന്നും ഇവർ പറയുന്നു.