കാസർകോട്: നീലേശ്വരം പാലായിയിലെ ഊരുവിലക്ക് ആരോപണത്തിൽ നടപടിയുമായി പൊലീസ്. മൂന്ന് പരാതികളിലായി ഒൻപത് പേർക്കെതിരെ കേസെടുത്തു. പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തത്. സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകൾ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവർ നൽകിയ പരാതികളിൽ 8 പേർക്കെതിരെയും അയൽവാസി ലളിത നൽകിയ പരാതിയിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.
പറമ്പിൽ അതിക്രമിച്ച് കടക്കൽ, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ, കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. രാധയുടെ ചെറുമകൾ അനന്യയുടെ പരാതിയിൽ സിപിഎം പ്രവർത്തകരായ ബി വി ഉദയകുമാർ, കെ പത്മനാഭൻ തുടങ്ങി നാലുപേർക്കെതിരെയും, തേങ്ങ പറിക്കാൻ എത്തിയ തൊഴിലാളി പടന്നക്കാട്ടെ ഷാജിയുടെ പരാതിയിൽ കെ കുഞ്ഞമ്പു, വി.വി ഉദയകുമാർ തുടങ്ങി നാലുപേർക്കെതിരെയുമാണ് കേസ്. പാലായിലെ ലസിതയുടെ പരാതിയിൽ തെങ്ങുകയറ്റ തൊഴിലാളി ഷാജിയുടെ പേരിലും പോലീസ് കേസെടുത്തു. കുഞ്ഞമ്പുവും, ഉദയകുമാറും മറ്റു രണ്ടുപേരും ചേർന്ന് കയ്യേറ്റം ചെയ്തു എന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഷാജിയുടെ പരാതി.